നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് തുടങ്ങിയ പ്രമുഖ നേതാക്കളെ തഴഞ്ഞതാണ് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. രണ്ടാം നിരയിലെ ഭൂരിഭാഗം നേതാക്കൾക്കും സീറ്റ് നിഷേധിക്കപ്പെട്ടതോടെ കേന്ദ്ര നേതൃത്വത്തെയും ആർഎസ്എസിനെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനാണ് മുതിർന്ന നേതാക്കളുടെ നീക്കം.
പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങൾ ബിഡിജെഎസിനും ട്വന്റി ട്വന്റിക്കും വിട്ടുകൊടുത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കൊടുങ്ങല്ലൂർ, ആറന്മുള, തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പതിറ്റാണ്ടുകളായി പാർട്ടി കെട്ടിപ്പടുത്ത മണ്ഡലങ്ങൾ ‘ആളില്ലാ പാർട്ടികൾക്ക്’ താലത്തിൽ വെച്ചുനീട്ടിയെന്നാണ് ഒരു പ്രമുഖ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയതും നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നൽകിയതും അവിടെ ഒരു ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയതും പ്രാദേശിക ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കുമ്മനം രാജശേഖരനെ ആറന്മുളയിലോ റാന്നിയിലോ മത്സരിപ്പിക്കണമെന്നായിരുന്നു ആർഎസ്എസ് നിർദ്ദേശം. ഇതിന് വിരുദ്ധമായ നീക്കങ്ങളാണ് ഉണ്ടായതെന്ന് അവർ ആരോപിക്കുന്നു. കൂടാതെ, ഈഴവ വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള കൊടുങ്ങല്ലൂരിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയെ നിശ്ചയിച്ചതിലും അസംതൃപ്തി പുകയുകയാണ്.
















