ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി റഷ്യ. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ, റഷ്യൻ എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ പ്രിയമേറുകയാണ്. കടുത്ത എണ്ണക്ഷാമം പരിഹരിക്കുന്നതിനായി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കർശന നിയന്ത്രണങ്ങളിൽ അമേരിക്ക താൽക്കാലികമായി ഇളവ് അനുവദിച്ചതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
എണ്ണവില കുതിച്ചുയരുന്നത് തടയാനും വിപണിയിലെ പെട്ടെന്നുള്ള ക്ഷാമം പരിഹരിക്കാനുമാണ് അമേരിക്കൻ നടപടി. ഏപ്രിൽ 11 വരെയാണ് ഈ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. മാർച്ച് 5-ന് മുമ്പ് കപ്പലിൽ കയറ്റിയ എണ്ണയ്ക്കും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഉപരോധം ബാധകമാകില്ലെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അറേബ്യൻ രാജ്യങ്ങൾ പലതും എണ്ണക്കയറ്റുമതിയിൽ ‘ഫോഴ്സ് മജീർ’ പ്രഖ്യാപിച്ചിരിക്കുന്നത് ആഗോള പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങൾ (യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയവ) മൂലം കരാറുകൾ പാലിച്ച് എണ്ണ എത്തിക്കാൻ സാധിക്കാതെ വരുമ്പോൾ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിയുന്നതിനാണ് രാജ്യങ്ങൾ ഈ വകുപ്പ് ഉപയോഗിക്കുന്നത്. ഇതുവഴി കരാർ ലംഘനത്തിന് നഷ്ടപരിഹാരം നൽകേണ്ടി വരില്ല എന്നത് കയറ്റുമതിക്കാർക്ക് ഗുണകരമാണെങ്കിലും ഉപഭോക്തൃ രാജ്യങ്ങളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കുന്നു.
















