തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ‘യൂത്ത്’ എന്ന ചിത്രം നാളെ ആഗോളതലത്തിൽ റിലീസ് ചെയ്യും. കെൻ കരുണാസ് തന്നെ നായകനായി എത്തുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
ഒരു സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രം കൗമാരപ്രായത്തിലെ പ്രണയവും സൗഹൃദവുമാണ് പ്രമേയമാക്കുന്നത്. പ്രശസ്ത തമിഴ് ഹാസ്യതാരം കരുണാസിന്റെ മകനായ കെൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് മലയാളി പ്രേക്ഷകർക്കും ആവേശം പകരുന്ന വാർത്തയാണ്. നായകൻ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.
മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനഞ്ചു വയസ്സുള്ള ഒരു കൗമാരക്കാരൻ തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിന് മുൻപ് യഥാർത്ഥ പ്രണയം കണ്ടെത്താൻ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ‘ലവ് സൊല്ലിട്ടാലേ’, ‘മുട്ട കലക്കി’ എന്നീ ഗാനങ്ങൾ യുവപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. പാർവത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിക്കി ഛായാഗ്രഹണവും നാഷ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ എന്റർടൈനർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
















