ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഖത്തറിലെ പ്രധാന വാതക ഹബ്ബായ റാസ് ലഫാൻ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തു. സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി.
ആക്രമണത്തിൽ നാല് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു. അബുദാബിയിലെ എണ്ണകേന്ദ്രങ്ങളിലേക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം നടത്തി. ഹബ്ഷാൻ ഗ്യാസ്, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലേക്കാണ് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്.
ഖത്തറിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും മറ്റ് ജീവനക്കാരും 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ കർശന നിർദേശം നൽകി.
ഇറാൻ തങ്ങളുടെ തെറ്റായ നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനം മാത്രമല്ല, ഇസ്ലാം മതത്തിന്റെ അധ്യാപനങ്ങൾക്ക് വിരുദ്ധവുമാണെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഈ ആക്രമണങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും, ഇറാൻ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ ആക്രമണങ്ങളെ റിയാദിലെ അറബ് ഇസ്ലാമിക മന്ത്രിതല യോഗം ശക്തമായി അപലപിച്ചു.
















