വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായതായും മുന്നണിക്കുള്ളിൽ യാതൊരുവിധ തർക്കങ്ങളും നിലനിൽക്കുന്നില്ലെന്നും വ്യക്തമാക്കി വി ഡി സതീശൻ. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സുഗമമായി സീറ്റ് വിഭജനം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടിക്കാരും സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോൾ കോൺഗ്രസ് മാത്രമായിരുന്നു നിർണായകമായ പട്ടിക പുറത്തു വിടാതിരുന്നത്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ആക്ഷേപങ്ങളെയും തള്ളിയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഡൽഹിയിൽ എത്താൻ വൈകിയതും ഒരാൾക്ക് സുഖമില്ലാതായതും കാരണമാണ് നേരിയ താമസം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.
കൂടാതെ വെറും രണ്ടുദിവസങ്ങൾ കൊണ്ടാണ് കോൺഗ്രസ് പട്ടിക പൂർത്തിയാക്കിയതെന്നും അത് വലിയ നേട്ടമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം എൽഡിഎഫിന്റെ പല കക്ഷികളുടെയും പട്ടിക ഇനിയും പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടുവെന്നോ മറ്റ് കക്ഷികൾ തമ്മിൽ കലഹമുണ്ടെന്നോ ഉള്ള വാർത്തകളിൽ വാസ്തവമില്ല എന്നും സതീശൻ വ്യക്തമാക്കി.
















