നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് ആരെ വിശ്വസിക്കണം, ആരെ സംശയിക്കണം എന്നത് വലിയൊരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്നേഹവും പരിചരണവും നൽകുന്നവർ തന്നെ ഒടുവിൽ ജീവനെടുക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. സ്വത്തിനും പണത്തിനും അവിഹിത ബന്ധങ്ങൾക്കും വേണ്ടി സ്വന്തം ചോരയെപ്പോലും തള്ളിപ്പറയുന്ന നിഷ്ഠൂരതകൾ. നേരിട്ട് അറിയാവുന്ന ശത്രുക്കളേക്കാൾ ഭയാനകമാണ് അരികിൽ ചിരിച്ചുകൊണ്ടും സ്നേഹം അഭിനയിച്ചുകൊണ്ടും നിൽക്കുന്നവർ; കാരണം, അവർ പിന്നിൽ നിന്ന് കുത്തുമ്പോഴാണ് ആ വേദന സഹിക്കാനാവാത്തതാകുന്നത്.
ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അമേരിക്കയിലെ യൂട്ടാ സ്വദേശിനിയായ എഴുത്തുകാരി കോറി റിച്ചൻസിന്റെയും ഭർത്താവ് എറിക്കിന്റെയും കഥ. തന്റെ വരികളിലൂടെയും എഴുത്തിന്റെ മികവിലൂടെയും അവൾ ലോകത്തെ മുഴുവൻ കയ്യിലെടുത്തെങ്കിലും, ആ തൂലികയ്ക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് കൊടും ക്രൂരതയായിരുന്നു. തന്റെ പുസ്തകത്തിൽ ഭർത്താവിനെ വാനോളം പുകഴ്ത്തുകയും അയാൾക്കായി കണ്ണീരൊഴുക്കുകയും ചെയ്തവൾ തന്നെയാണ്, 2022 മാർച്ചിലെ ആ കറുത്ത രാത്രിയിൽ ആ പാവം മനുഷ്യന്റെ ജീവനെടുത്തത്. ലോകത്തെ നടുക്കിയ ആ ചതിയുടെ കഥ.
യൂട്ടാ സ്വദേശികളായിരുന്നു എറിക് റിച്ചൻസും കോറിയും. നിരവധി എഴുത്തുകൾ സമ്മതിച്ച ഒരു എഴുത്തുകാരി കൂടിയാണ് കോറി. ഇരുവരുടെയും ജീവിതവും പുറത്തു നിന്ന് നോക്കുന്നവർക്ക് സന്തോഷവും സമാദാനവും ഉള്ള ജീവിതമായിട്ടായിരുന്നു കണ്ടിരുന്നത്. കുട്ടികളും ഒക്കെയാ സന്തോഷത്തോടെയുള്ള ജീവിതം. കോറിയുടെ ബുക്കുകളിൽ പോലും എറിക്കിനെ നല്ലൊരു അച്ഛനായി ചിത്രീകരിച്ചുള്ള വാക്കുകൾ. ശരിക്കും ആർക്കും അസൂയ തോന്നുന്ന വിധത്തിൽ ഉള്ള ജീവിതം. എന്നാൽ ഇതെല്ലം പുറത്തു നിന്ന് കാണുന്നവർക്ക് മാത്രമായിരുന്നു. ഉള്ളിൽ കൊടും ചതിയായിരുന്നു നടന്നുകൊണ്ടിരുന്നത്.
2022 മാർച്ച് 4-ന് രാത്രി. അന്നായിരുന്നു എറിക് മരിക്കുന്നത്. പിറ്റേ ദിവസം ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നുപോയ ഒരു ഭാര്യയുടെ വേഷമായിരുന്നു കോറിയുടേത്. എന്നാൽ ആ വേഷം വെറും നാടകം മാത്രമാണെന്ന് പിന്നീട് പുറത്തുവന്നു. ഭർത്താവ് മരിച്ചു കുറച്ചു ദിവസങ്ങൾ പിന്നീട്ടപ്പോഴേക്കും അവൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടു കുട്ടികൾക്കായുള്ള “ആർ യു വിത്ത് മീ?” (Are You With Me?) എന്ന പേരിൽ ഒരു പുസ്തകമെഴുതി. പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ കുട്ടികൾ അതിനെ എങ്ങനെ മറികടക്കണം എന്നതിനെക്കുറിച്ചായിരുന്നു ആ പുസ്തകം. എറിക്കിനെ ഒരു മികച്ച പിതാവായി ചിത്രീകരിച്ച കോറി, തന്റെ പുസ്തകം ഭർത്താവിനായി സമർപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളിൽ വന്ന് അവൾ കണ്ണീരൊഴുക്കുകയും ചെയ്തു. അവളുടെ വിഷമം കണ്ട് എല്ലാവരും കരയുകയും അവളുടെ സങ്കടത്തിൽ പങ്കുചേരുകയും ചെയ്തു.
എന്നാൽ എറിക് മരിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മരണത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പുറത്തു വന്നു. എറിക്കിന്റെ ശരീരത്തിൽ മാരകമായ അളവിൽ ‘ഫെന്റാനിൽ’ (Fentanyl) എന്ന മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. അങ്ങനെ പോലീസുകാർക്ക് മനസിലായി ഇതൊരു സാദാരണ മരണം അല്ല കൊലപാതകമാണെന്ന്. ആദ്യം കൊറിയെ പോലീസ് സംശയിച്ചില്ലെകിലും പിന്നീടുള്ള അന്വേഷണത്തിൽ ചില ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നു.
കൊറിയാണ് കൊലപാതകി എന്ന് പൊലീസിന് വെക്തമായി. അന്ന് രാത്രി എറിക്കിന് കോറി ഒരു കോക്‌ടെയിൽ തയ്യാറാക്കി നൽകി. തന്റെ ഭാര്യ സ്നേഹത്തോടെ ഉണ്ടാക്കി തന്ന ആ പാനീയം അവൻ ഒട്ടും സംശയിക്കാതെ കുടിച്ചു. എന്നാൽ അത് മാരകമായ അളവിൽ മയക്കുമരുന്ന് കലർത്തിയ പാനീയമായിരുന്നു. അത് കുടിച്ചു എറിക് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു.
എറിക്കിന്റെ പേരിലുള്ള 37 കോടിയോളം രൂപയുടെ എസ്റ്റേറ്റ് കൈക്കലാക്കുകയായിരുന്നു അവളുടെ പ്രധാന ലക്ഷ്യം. കൂടാതെ എറിക്കിന്റെ പേരിൽ ഇൻഷുറൻസും ഉണ്ടായിരുന്നു. അതും തട്ടിയെടുക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഇതോടൊപ്പം തന്നെ ഭർത്താവിനെ ഒഴിവാക്കി തന്റെ കാമുകനൊപ്പം ജീവിക്കുക എന്ന ലക്ഷ്യവും. ഇതെല്ലം കൊണ്ട് അവൾ നടത്തിയതായിരുന്നു ഈ ക്രൂര കൃത്യം .
പോലീസുകാർ കോറിയിലേക്ക് എത്താനുള്ള പ്രധാനകാരണം ആയിരുന്നു അവളുടെ ഇന്റർനെറ്റ് ഹിസ്റ്ററി. അത് പരിശോധിച്ചപ്പോൾ അവൾ നടത്തിയ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ വെളിച്ചത്തായി. ‘മയക്കുമരുന്നിന്റെ മാരകമായ അളവ് എത്ര?’, ‘മരണ സർട്ടിഫിക്കറ്റിലെ കാരണം മാറ്റാൻ കഴിയുമോ?’, ‘ഐഫോണിലെ വിവരങ്ങൾ എങ്ങനെ മായ്ക്കാം?’ എന്നിങ്ങനെ നീളുന്നതായിരുന്നു അവളുടെ സെർച്ചുകൾ. കൂടാതെ നേരത്തെ സാൻഡ്‌വിച്ചിൽ വിഷം കലർത്തി എറിക്കിനെ കൊല്ലാൻ ശ്രമിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
അങ്ങനെ നീണ്ട 13 ദിവസത്തെ വിചാരണയ്ക്കും 40-ഓളം സാക്ഷികളെ വിസ്തരിച്ചതിനും ശേഷം കോടതി കോറി കുറ്റക്കാരിയാണെന്ന് വിധിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ഇൻഷുറൻസ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരം അവൾ ശിക്ഷിക്കപ്പെട്ടു. പുസ്തകത്താളുകളിൽ സ്നേഹത്തെക്കുറിച്ച് എഴുതിയവൾ, യഥാർത്ഥ ജീവിതത്തിൽ മരണത്തിന്റെ വിഷം വിളമ്പുകയായിരുന്നു. ലോകം കണ്ട ഏറ്റവും ക്രൂരമായ വഞ്ചനയുടെ കഥയായി കോറി റിച്ചൻസിന്റെ പേര് ഇന്ന് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
















