സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രന്റെ മകനായ പ്രീത്, ചിറ്റൂർ മുൻസിപ്പാലിറ്റി കൗൺസിലർ കൂടിയാണ്.
നെന്മാറ സീറ്റ് നൽകാമെന്ന് പാർട്ടി നേരത്തെ വാഗ്ദാനം നൽകിയിരുന്നതായും എന്നാൽ അവസാന നിമിഷം തന്നെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു. പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും അദ്ദേഹം തുറന്നടിച്ചു.
എന്തുവന്നാലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്ന കെ. സുധാകരന് ഒടുവിൽ കണ്ണൂർ സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി തനിക്ക് ലഭിച്ച വലിയ പിന്തുണയും, പ്രവർത്തകരുടെ വികാരവും കണക്കിലെടുത്താണ് സുധാകരന്റെ പേര് പാർട്ടി ഉറപ്പിച്ചത്.
ഡിസിസി ഭാരവാഹികളടക്കം തന്നോടൊപ്പം ഇറങ്ങാൻ തയ്യാറാണെന്ന് സുധാകരൻ വ്യക്തമാക്കിയതോടെ ഹൈക്കമാൻഡ് അനുനയത്തിന് തയ്യാറാവുകയായിരുന്നു.
















