കെ. സുധാകരൻ കണ്ണൂരിലെത്തി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്.
റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ തുടരും. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം- കെ.സുധാകരൻ പറഞ്ഞു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡൽഹിയിൽ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല.
വി ഡി സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സുധാകരനെ വിളിച്ച് പാർട്ടി പ്രതിസന്ധിയിലാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന തിരിച്ചറിവും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
















