പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ സംഘർഷം ജനങ്ങൾ കരുതുന്നതിലും വേഗം അവസാനിക്കുമെന്നും ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇറാനെതിരായ യുദ്ധത്തിന്റെ ലക്ഷ്യം ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ ഇല്ലാതാക്കുക എന്നതും ഇറാനിയൻ ജനതയ്ക്ക് സ്വന്തം വിധി നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം നേടാനുള്ള സാഹചര്യമൊരുക്കുന്നതുമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാൻ വീഴ്ചയിലേക്കാണെന്നും അതിന്റെ നിരവധി ലക്ഷണങ്ങള്‍ കാണാൻ സാധിക്കുന്നുമുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.
ഇറാനുമായുള്ള സംഘർഷത്തിലേക്ക് യുഎസിനെ ഇസ്രയേൽ കൊണ്ടുവന്നുവെന്ന ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. ഡോണൾഡ് ട്രംപിനോട് ആർക്കെങ്കിലും എന്ത് ചെയ്യണമെന്ന് പറയാൻ കഴിയുമോ എന്നും നെതന്യാഹു ചോദിച്ചു.















