നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർണ്ണമായതോടെ, സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെച്ചൊല്ലി മഹിളാ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. രണ്ടാം ഘട്ട പട്ടിക കൂടി പുറത്തുവന്നപ്പോൾ മഹിളാ കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി.
മഹിളാ കോൺഗ്രസിന്റെ പ്രധാന ഭാരവാഹികൾക്ക് പോലും പരിഗണന ലഭിച്ചില്ലെന്നത് സംഘടനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ ആളുകൾക്കായി കൃത്യമായ പട്ടിക നൽകി സമ്മർദ്ദം ചെലുത്തിയപ്പോൾ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പട്ടിക നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
സംസ്ഥാന അധ്യക്ഷ, സീറ്റിനായി വേണ്ടത്ര വാദിച്ചില്ലെന്നും ഇത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു.
എന്നാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഹിള കോൺഗ്രസ് അംഗങ്ങൾക്ക് വലിയ തോതിൽ പരിഗണന ലഭിച്ചിട്ടുണ്ടെന്നും, അത് സംഘടനയുടെ നേട്ടമാണെന്നുമാണ് ജെബി മേത്തറുടെ വാദം. തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഇതിനെ പ്രതിരോധിക്കുന്നത്.
പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകേണ്ട വനിതാ പ്രവർത്തകർക്കിടയിലെ ഈ അതൃപ്തി വോട്ടെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
















