പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. ഇറാനിലെ ജനങ്ങൾ പേർഷ്യൻ പുതുവർഷമായ ‘നൗറൂസ്’ ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം. കഴിഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി പ്രസ്താവന നടത്തിയിരുന്നു. അതോടൊപ്പം അമേരിക്കൻ കപ്പലുകളെ പേർഷ്യൻ ഗൾഫിലേക്ക് അയക്കാൻ ധൈര്യമുണ്ടോ എന്ന് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിക്കുകയും നൈനി ചെയ്തിരുന്നു.
കൂടാതെ കൊല്ലപ്പെടുന്നതിന് മുമ്പ് ഇറാന്റെ മിസൈൽ ഉൽപ്പാദന ശേഷി തകർത്തെന്ന ഇസ്രായേലിന്റെ അവകാശവാദം നൈനി തള്ളിക്കളഞ്ഞിരുന്നു. ഇറാൻ ഇപ്പോഴും ശക്തമായി മിസൈലുകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാകാം ആക്രമണത്തിന് കാരണം എന്നാണ് നിഗമനം.
















