ഗൾഫ് മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമം. എന്നാൽ ഈ നീക്കങ്ങളെ പ്രതിരോധ സേനകൾ ആകാശത്തുവെച്ച് തന്നെ തകർത്തു.
ഇതിന് പിന്നാലെ, ശത്രുക്കൾക്ക് വരാനിരിക്കുന്നത് ഒട്ടും ശുഭകരമായ വർഷമായിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മൊജ്തബ ഖമേനി നിലപാട് വ്യക്തമാക്കിയത്.
ദുബായ്, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രതിരോധ സംവിധാനങ്ങൾ ഇവ പരാജയപ്പെടുത്തി. ദുബായിൽ എത്തിയ ഡ്രോണുകൾ തകർത്തതായാണ് റിപ്പോർട്ടുകൾ.
തുർക്കിയിലേക്കും ഒമാനിലേക്കും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനല്ലെന്നും, അത് ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണങ്ങളാണെന്നും മൊജ്തബ ഖമേനി അവകാശപ്പെട്ടു. ഇറാന്റെ പ്രതിരോധം തകർത്തെന്ന അമേരിക്കൻ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
അമേരിക്കയുടെ എഫ്-35 വിമാനം വീഴ്ത്തിയതും യുദ്ധക്കപ്പലുകൾക്ക് പിൻവാങ്ങേണ്ടി വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ വിട്ടുനൽകുന്നതിലൂടെ ബ്രിട്ടൻ സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിരന്തരമായ ആക്രമണങ്ങളെത്തുടർന്ന് ഇറാഖിലെ എണ്ണയുൽപാദനം ഗണ്യമായി കുറഞ്ഞു. എന്നാൽ കുവൈത്തിൽ തകരാറിലായ പവർലൈനുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു.
















