സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് നടൻ ഉന്നയിക്കുന്നത്. മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ഹരീഷിന്റെ പ്രതികരണം.
‘‘ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ‘ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ’ എന്നു തോന്നിയ മമ്മുക്കയ്ക്ക്.. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ…എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?…എനിക്കറിയില്ല.. ഏതാണ് ശരി എന്നും എനിക്കറിയില്ല.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.
കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി – ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ രണ്ടാമത്തെ ചിത്രമാണ് ‘മട്ടാഞ്ചേരി മാഫിയ’. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‍ലിന്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നസ്‌ലിൻ നായകനായെത്തിയ ‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് അവസാനമായി സംവിധാന ചെയ്ത ചിത്രം. നിയോഗ് കൃഷ്ണ, ഷരഫു– സുഹാസ്, തസ്റീഖ് അബ്ദുള്‍ സലാം എന്നിവരുടേതാണ് ‘മട്ടാഞ്ചേരി മാഫിയ’യുടെ കഥ.
















