സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിന്റെ വിഷുക്കൈനീട്ടം. ഏപ്രിൽ മാസത്തെ പെൻഷൻ ഈ മാസം 31 മുതൽ വിതരണം ചെയ്തു തുടങ്ങും. വിഷു പ്രമാണിച്ച് പെൻഷൻ നേരത്തെ നൽകാനാണ് തീരുമാനമെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി വിതരണം പൂർത്തിയാക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.
മാർച്ച് മാസത്തെ പെൻഷൻ ഈ മാസം 25 മുതൽ നൽകി തുടങ്ങുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏപ്രിലിലെ തുക കൂടി മുൻകൂട്ടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ രണ്ട് മാസത്തെ പെൻഷൻ നൽകുന്നതിനാവശ്യമായ തുക സർക്കാർ അനുവദിച്ചിരുന്നു. അതിനാൽ വിതരണത്തിന് സാങ്കേതിക തടസ്സങ്ങളുണ്ടാകില്ല.
രണ്ടു മാസത്തെയും പെൻഷൻ ഒന്നിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും 3200 രൂപ വീതം കൈകളിൽ എത്തും. സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ വഴി നേരിട്ടും പെൻഷൻ ലഭ്യമാക്കാനുള്ള നടപടികൾ ധനവകുപ്പ് വേഗത്തിലാക്കി.
















