തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പയ്യന്നൂരിൽ സിപിഎമ്മും സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കാട്ടി വി. കുഞ്ഞികൃഷ്ണനെതിരെ സിപിഎം പരാതി നൽകി. റൂറൽ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കുമാണ് പാർട്ടി പരാതി കൈമാറിയത്.
വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരാതിക്ക് ആധാരമായത്. പയ്യന്നൂർ കോത്തായി മുക്കിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരുന്ന ഓഫീസ് പെട്ടെന്ന് മാറ്റേണ്ടി വന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് കുഞ്ഞികൃഷ്ണൻ അനുകൂലികൾ ആരോപിക്കുന്നു. സ്ഥലം ഉടമയെ സിപിഎം പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും, തുടർന്നാണ് സ്ഥലം ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതെന്നും ഇവർ ആരോപിച്ചു.
















