ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചെന്ന ആശങ്കകൾക്ക് വിരാമം. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.
നിലവിലെ നിയന്ത്രണങ്ങൾ രാജ്യത്തിന്റെ പ്രതിരോധ നടപടിയുടെ ഭാഗം മാത്രമാണെന്നും ഇറാനെ നേരിട്ട് ആക്രമിക്കുന്ന ശത്രുപക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇറാൻ അറിയിച്ചു.
പ്രത്യേകിച്ച് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ലെന്നും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഇറാൻ വിശദീകരിച്ചു.
ഇറാന്റെ നിർദ്ദേശങ്ങൾ പാലിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് കടലിടുക്കിലൂടെ തടസ്സമില്ലാതെ യാത്ര ചെയ്യാമെന്നും നിലവിലെ പ്രതിസന്ധിക്ക് ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച ജി 7 രാജ്യങ്ങൾ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയതായി ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്.
















