പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ തോമസ് ഐസക്. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട് എന്നും അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല ഉദ്ദേശിച്ചത് എന്നും തോമസ് ഐസക് പറഞ്ഞു. തന്റെ വിമർശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പശ്ചിമേഷ്യയിലെ പ്രശ്നമാണ്. അതിൽ തങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ട്. പിഷാരടിയുടെ രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് താൻ വിമർശിച്ചത് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ട് മതനിരപേക്ഷ ശക്തികളുടെ വോട്ട് കിട്ടുമോ? അങ്ങനെയിരിക്കെ ജനങ്ങൾ എൽഡിഎഫിലേക്ക് മാറുമ്പോൾ ഡീൽ എന്നുപറഞ്ഞ് വരികയാണ്.
അവിടെ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള അച്ചാരം ഞങ്ങൾ വാങ്ങിയിട്ടില്ല. തോൽക്കാൻ പോകുന്നത് കോൺഗ്രസാണ് എന്നും തോമസ് ഐസക് വ്യക്തമാക്കി.
















