കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ മുബഷിറയെയാണ് (14) മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ മുബഷിറ.
ഇന്നലെയാണ് സംഭവം നടക്കുന്നത്. രാവിലെ ഫാത്തിമ പഠിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരാത്തതിനെ തുടർന്ന് അമ്മ വിളിക്കാനായി മുറിയിലേക്ക് ചെന്നപ്പോഴാണ് കമഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. എത്ര വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ അടുത്തുള്ള കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം എന്താണെന്ന് അറിയൂ. സംഭവത്തിൽ കടക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുകയാണ്.
















