2029ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാസംവരണ നിയമം നടപ്പിലാക്കുന്നതിനായി നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായേക്കും. 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ ‘നാരി ശക്തി അഭിനന്ദന്‍ അധിനിയം’ പ്രായോഗികമാക്കുന്നതിനാണ് പുതിയ ഭേദഗതികള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുക എന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ഥ്യമാകും. ഇതോടെ കേരളത്തില്‍ നിലവിലെ 140 മണ്ഡലങ്ങളില്‍ നിന്ന് നിയമസഭാ സീറ്റുകള്‍ 210 ആകും. ലോക്‌സഭാ സീറ്റുകള്‍ 30 ആയി ഉയരും.
2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയാല്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 816 ആയി ഉയരും. ഇതിന്റെ അടിസ്ഥാനത്തില്‍ 273 സീറ്റുകളില്‍ വനിതകള്‍ക്ക് സംവരണം ലഭിക്കും. ഇത് സംബന്ധിച്ച് ബിജെഡി, വൈഎസ്ആര്‍സിപി, എന്‍സിപി (എസ്പി), ശിവസേന (യുബിടി), എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി പാര്‍ട്ടികളുമായി അദ്ദേഹം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സെന്‍സസ് നടപടികള്‍ 2029-ന് ശേഷവും നീളാന്‍ സാധ്യതയുള്ളതിനാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ നിയമത്തിലും വനിതാ സംവരണ നിയമത്തിലും ഭരണഘടനാ ഭേദഗതി വരുത്തിക്കൊണ്ട് സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ആലോചന.
2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനാണ് സര്‍ക്കാര്‍ ആലോചന. നിലവിലുള്ള സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റുകളുടെ അനുപാതത്തില്‍ മാറ്റം വരുത്തില്ലെന്നും വിവരമുണ്ട്. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഈ നീക്കം സഹായിക്കും. അടുത്ത സെന്‍സസിന് ശേഷം മാത്രം സംവരണം എന്നതായിരുന്നു ആദ്യത്തെ പദ്ധതിയെങ്കിലും, 2029 ഓടെ ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചതോടെയാണ് നടപടികള്‍ക്ക് വേഗത കൂടിയത്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായി ഇത് മാറും.
















