ധുരന്തർ 2 വിന്റെ വിജയകുതിപ്പ് തുടരുമ്പോഴും സിനിമയുടെ ഒന്നാം ഭാഗത്തിൽ വില്ലനായെത്തിയ അക്ഷയ് ഖന്നയെ ആളുകൾ ഓർമിക്കുകയാണ്. ഒരു കാലത്ത് ബോളിവുഡിലെ സൂപ്പർനടനായിരുന്ന അക്ഷയ് ഖന്നയുടെ വമ്പൻ തിരിച്ചുവരവാണ് ധുരന്തർ ഒന്നാം ഭാഗത്തിലൂടെ നടത്തിയത്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പലരും അറിയാൻ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ ഫിറ്റ്നസ് രഹസ്യമാണ്. എന്താണ് ഈ എവർഗ്രീൻ നടന്റെ ഡയറ്റ്?
‘‘ഞാൻ വർഷങ്ങളായി പ്രഭാതഭക്ഷണം കഴിക്കാറില്ല. ഉച്ചയ്ക്ക് മിക്കവാറും ചോറും പരുപ്പുകറിയുമായിരിക്കും. പച്ചക്കറിക്കൊപ്പം മീൻ, ചിക്കൻ എന്നിങ്ങനെ എന്തെങ്കിലും നോൺ വെജ് ഡിഷും ഉണ്ടാകും. രാത്രിയിൽ കൂടുതലും റോട്ടി ആയിരിക്കും. അവയ്ക്കൊപ്പം ഒരു വെജിറ്റബിൾ കറിയും ചിക്കൻകറിയും നിർബന്ധം. ഉച്ചയ്ക്കും രാത്രി ഭക്ഷണത്തിനുമിടയിൽ കഴിക്കാറില്ല. ചിലപ്പോൾ സാൻവിച്ച് എന്തെങ്കിലുമുണ്ടാകും. വൈകുന്നേരങ്ങളിൽ മാത്രമാണ് ചായകുടിക്കുക. ചിലപ്പോൾ രണ്ട് ചായ വരെ കുടിക്കാറുണ്ട്. കോഫിയോട് താൽപര്യമില്ല. ഷൂട്ടിങ് ദിവസങ്ങളിലും ഈ ഡയറ്റിൽ മാറ്റം വരുത്താറില്ല. മിക്ക ദിവസങ്ങളും പത്ത് മണിക്കൂർ വരെ ഉറങ്ങാറുണ്ട്.’’– അക്ഷയ് ഖന്ന പറഞ്ഞു.
പഴവർഗങ്ങളില്‍ ലിച്ചിയും പച്ചക്കറിയിൽ വെണ്ടയ്ക്കയുമാണ് ഏറ്റവും പ്രിയപ്പെട്ടത്. പച്ചക്കറികൾ സാലഡ് ആയി കഴിക്കുന്നതിനേക്കാൾ വേവിച്ച് കഴിക്കുന്നതിനോടാണ് താൽപര്യം. ഡസർട്ട് ആണെങ്കിൽ മധുരമുള്ള എന്തും കഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘തന്റെ ചെറുപ്രായത്തിലെ കഷണ്ടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പത്തൊൻപതാം വയസ്സ് മുതലാണ് മുടികൊഴിച്ചിൽ തുടങ്ങിയത്. ഒരു പിയാനസ്റ്റിന് വിരലുകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്കും ഉണ്ടായത്. ഒരു നടന് മുഖസൗന്ദര്യവും മുടിയുമെല്ലാം ആവശ്യമാണ്. എല്ലാം നഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ മാനസിക ബുദ്ധിമുട്ടികൾ ഉണ്ടായി. ആത്മധൈര്യം ചോർന്നു. പിന്നീട് യാഥാർഥ്യം അംഗീകരിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു.’’– അക്ഷയ് ഖന്ന പറഞ്ഞു.
‘ദിൽ ചാഹ്താ ഹേ’ മുതലുള്ള സിനിമകളിൽ അദ്ദേഹം വിഗ്ഗ് വയ്ക്കാതെയാണ് അഭിനയിച്ചത്. കഷണ്ടി മാറ്റാൻ നൂതന ചികിത്സകൾ ഉണ്ടായിട്ടും അദ്ദേഹം തയാറായില്ല. അങ്ങനെ ചെയ്യുന്നത് തെറ്റല്ലെന്നും അതൊക്കെ ഓരോർത്തരുടെ ഇഷ്ടമാണെന്നും അക്ഷയ് ഖന്ന പറയുന്നു. ധുരന്തർ സിനിമയിൽ അദ്ദേഹം വിഗ്ഗ് വച്ചാണ് അഭിനയിച്ചത്.
















