കായംകുളത്തെ യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ ഹരി. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി നടത്തിയതെന്നും ഇതിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഭ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായതെന്നും പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ പറഞു. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെയാണ് പ്രതിഭ പരാതി നൽകിയിരിക്കുന്നത്.
















