ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.
ഹൈദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
















