വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിൽ യാത്രക്കാരന്റെ പരാതിയെത്തുടർന്ന് റെയിൽവേയുടെ തന്നെ കീഴിലുള്ള ഐ.ആർ.സി.ടി.സി.ക്ക് (IRCTC) 10 ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണവിതരണത്തിൽ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ കരാർ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തിയതിനൊപ്പം അവരുടെ കരാർ റദ്ദാക്കാനും റെയിൽവേ ഉത്തരവിട്ടു.
കഴിഞ്ഞ മാർച്ച് 15-ന് പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 21896) യാത്ര ചെയ്ത യാത്രക്കാരനാണ് ഭക്ഷണത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് പരാതി നൽകിയത്. വിളമ്പിയ ഭക്ഷണത്തിൽ ഗുണനിലവാരമില്ലെന്നും കഴിക്കാൻ യോഗ്യമല്ലെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം.
പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഭക്ഷണവിതരണത്തിൽ പാളിച്ചകൾ സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടർന്നാണ് മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിന് ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴയിട്ടത്. ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ ഏജൻസിക്കെതിരെയാണ് ഏറ്റവും കടുത്ത നടപടിയുണ്ടായത്. 50 ലക്ഷം രൂപ പിഴയായി ഈടാക്കാൻ നിർദ്ദേശിച്ച റെയിൽവേ, അവരുടെ സേവനം ഇനിമുതൽ ആവശ്യമില്ലെന്ന് വ്യക്തമാക്കി കരാർ റദ്ദാക്കി.
















