സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയില്‍ ചിത്രീകരിച്ച എ.ഐ-നിര്‍മ്മിത സിന്തറ്റിക് വീഡിയോയുടെ പ്രചരണത്തിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചു. അപകീര്‍ത്തികരമായ വീഡിയോ പ്രചരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റേതു ഉള്‍പ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത എ.ഐ വീഡിയോയുടെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് ബോധ്യപ്പെട്ടു.
മാതൃക പെരുമാറ്റച്ചട്ടത്തിനും നിയമ വ്യവസ്ഥകള്‍ക്കും അനുസൃതമായി, കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിംഗ് വഴി ഉള്ളടക്കത്തിന്റെ കൂടുതല്‍ പ്രചരണം തടയുന്നതിന് അടിയന്തര നടപടികള്‍ ആരംഭിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം നോട്ടീസു നല്‍കി. കൂടാതെ ‘Laxmi N Raju (@valiant_Raju)’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ തിരുവനന്തപുരം സിറ്റിയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലയളവില്‍, സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാര്‍ത്തള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുന്നതോ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതോ ആയ ഏതൊരു പ്രവര്‍ത്തനത്തിനെതിരെയും നിയമാനുസൃതമായും നിഷ്പക്ഷമായും പോലീസ് നടപടിയെടുക്കുന്നതാണ്.
















