പാലക്കാട് ശോഭാ സുരേന്ദ്രൻ ജയിച്ച് നിയമസഭയിൽ എത്തിയിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയവർക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഒരാളുണ്ടാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് വിജയം ഉറപ്പായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “വയ്ക്കടോ സ്വർണം” എന്ന് സഭയിൽ മുഴങ്ങുമായിരുന്നുവെന്നും അത്തരമൊരു സാഹചര്യം ഉണ്ടായെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാന ഭരണം തന്നെ പിടിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശോഭയെപ്പോലെ ശക്തരായ നിരവധി ‘നാരീശക്തികൾ’ ബിജെപിയിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബിജെപിക്കെതിരെ ഉയരുന്ന ‘ഡീൽ’ ആരോപണങ്ങളെ സുരേഷ് ഗോപി തീർത്തും പരിഹസിച്ചു തള്ളി. അതിനെ ‘ഡീൽ’ എന്നല്ല ‘പീൽ’ എന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തെ ഒതുക്കാൻ ശ്രമിക്കുന്നവരുടെ കൊതിക്കെറുവാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും, രാഷ്ട്രീയ വൈരികളുടെ വെറും പരിവേദനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.
















