തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പരാമർശങ്ങളെ പ്രതിരോധിക്കാൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്. യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെതിരായ ‘ചെറ്റത്തരം’ പ്രയോഗത്തെയും, പൊതുയോഗത്തിനിടെ ചോദ്യം ഉന്നയിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന് ആക്രോശിച്ചതിനെയും ന്യായീകരിച്ച ബേബി, ഓരോ വ്യക്തിക്കും അവരവരുടേതായ പ്രവർത്തന ശൈലിയുണ്ടെന്ന് വ്യക്തമാക്കി. പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ടായതാണെന്നും അദ്ദേഹത്തിന്റേത് അച്ചടക്കമുള്ള പ്രവർത്തന ശൈലിയാണെന്നും ബേബി പറഞ്ഞു. എന്നാൽ, പൊതുജനങ്ങളോട് ഇടപെടുമ്പോൾ കൂടുതൽ സൂക്ഷ്മതയും കരുതലുമാണ് വേണ്ടതെന്ന ഒളിയമ്പും അദ്ദേഹം പ്രയോഗിച്ചു. “ഓരോരുത്തർക്കും ഓരോ രീതിയുണ്ടാകും, അതിനനുസരിച്ചാകും വാക്കുകൾ പുറത്തുവരുന്നത്. പക്ഷേ, പൊതുസമൂഹത്തിൽ പെരുമാറുമ്പോൾ എല്ലാവരും മിതത്വം പാലിക്കണം,” എന്നായിരുന്നു ബേബിയുടെ മധ്യസ്ഥ നിലപാട്.
ജി. സുധാകരനെതിരായ ‘ചെറ്റത്തരം’ എന്ന പ്രയോഗം വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിൽ, അത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന് ബേബി തിരുത്തി. സുധാകരൻ എന്ന വ്യക്തിയെയല്ല, മറിച്ച് അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. പാർട്ടി വിട്ട് എതിർപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നതിലെ രാഷ്ട്രീയ ഔചിത്യമില്ലായ്മയെയാണ് ആ വാക്ക് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















