കേന്ദ്ര ഭരണകക്ഷിയുടെ ഓഫീസ് സീൽ പതിപ്പിച്ച സർക്കുലർ രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംഭവത്തിൽ കമ്മീഷനെ വിമർശിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ട് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ വിമർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ആക്രമണമോ അപകീർത്തികരമോ അല്ലാത്ത വിമർശനങ്ങളെ അഭിപ്രായപ്രകടനങ്ങളായി കണ്ട് മാനിക്കണം. എന്നാൽ, വിമർശനം ഉന്നയിക്കുന്നവർക്ക് പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു ഉദ്യോഗസ്ഥന് പറ്റിയ വെറുമൊരു പിഴവായി തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കാതെ ഇത്രയും പ്രധാനപ്പെട്ട രേഖകൾ പുറത്തുപോയത് അതീവ ഗൗരവകരമാണ്. ഇത് വെറുമൊരു യാദൃശ്ചികമായ വീഴ്ചയായി കാണാൻ കഴിയില്ലെന്നും, കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിൽക്കുന്നത് അവയുടെ നിഷ്പക്ഷമായ പ്രവർത്തനത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താൻ കമ്മീഷൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
















