മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുകയാണ്. വിസ്മയയുടെ ജന്മ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നുകൊണ്ടാണ് മകളുടെ പുതിയ തുടക്കത്തെക്കുറിച്ച് മോഹൻലാൽ മനസുതുറന്നത്. “ജന്മദിനാശംസകൾ മായക്കുട്ടി, ഈ വർഷം നിനക്ക് മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. ഈ വർഷം ലോകം നിന്റെ കഴിവുകൾ തിരിച്ചറിയുന്ന വർഷമാകട്ടെ” എന്ന് മോഹൻലാൽ കുറിച്ചു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മലയാള സിനിമയിലേക്ക് എത്തുന്നത്. ആക്ഷൻ പ്രധാന്യമുള്ള ചിത്രമായാണ് ഇത് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. മകൾക്കൊപ്പം മോഹൻലാലും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമായ ‘തുടക്കം’, സൂപ്പർ ഹിറ്റ് ചിത്രം ‘2018’-ന് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണ്.
വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. ‘ജവാൻ’, ‘ഫാമിലി മാൻ’ തുടങ്ങിയ വമ്പൻ പ്രോജക്ടുകളിൽ പ്രവർത്തിച്ച യാനിക് ബെനും സ്റ്റണ്ട് സിൽവയുമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു.
















