നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ റാന്നി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പാരഡി ഗാനം വിവാദമാകുന്നു. “പോറ്റിയെ കേറ്റിയെ…” എന്ന് തുടങ്ങുന്ന ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഗാനം ഉപയോഗിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരും പര്യടനം നടത്തുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്തെത്തി.
ഭക്തിനിർഭരമായ ഒരു ഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി പാരഡിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി വ്യക്തമാക്കി. ഇത്തരം പാട്ടുകൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും, നേരത്തെ ഈ വിഷയത്തിൽ നൽകിയ നിയമപരമായ പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല അറിയിച്ചു. വിശ്വാസത്തെ വോട്ടാക്കി മാറ്റാനുള്ള തരംതാണ ശ്രമമാണിതെന്നാണ് സമിതിയുടെ ആരോപണം.
അതേസമയം, ഇത്തരം പാട്ടുകളോ പ്രചാരണങ്ങളോ തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് എൽഡിഎഫ്. റാന്നി മണ്ഡലത്തിൽ ശബരിമല വിഷയം വോട്ടായി മാറില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായൺ പ്രതികരിച്ചു. “പാട്ടല്ല, എന്ത് പാടി നടന്നാലും ജനങ്ങൾക്ക് സത്യം എന്താണെന്ന് ബോധ്യമുണ്ട്. നിയമം ലംഘിച്ചവർ ശിക്ഷിക്കപ്പെടണമെന്ന സർക്കാർ നിലപാടിനൊപ്പമാണ് ജനങ്ങൾ,” പ്രമോദ് നാരായൺ വ്യക്തമാക്കി.
















