ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. ഐസ്‌ക്രീം വില്പനക്കാരനെ നടുറോഡിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല വീടിനുള്ളിൽ വെച്ച് കത്തിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
പാരാ ബെഹത ഗ്രാമവാസിയായ ബബ്‌ലു (25) എന്ന ഐസ്‌ക്രീം വിൽപനക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവൽ സ്വദേശിയായ ശങ്കർ യാദവ് (50) അറസ്റ്റിലായി. അറുത്തെടുത്ത തല വീട്ടിൽകൊണ്ടുപോയി കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പതിവുപോലെ ഐസ്‌ക്രീം വിൽപനയ്ക്കായാണ് ബബ്‌ലു പർസാവൽ ഗ്രാമത്തിലെത്തിയത്. അവിടെവച്ച് ശങ്കർ യാദവുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലേക്ക് കയറിപ്പോയ ശങ്കർ, അരിവാളുമായി പുറത്തെത്തി ബബ്‌ലുവിനെ ആക്രമിക്കുകയായിരുന്നു.
നാട്ടുകാർ നോക്കിനിൽക്കെ ശങ്കർ, ബബ്‌ലുവിന്റെ തല അറുത്തെടുത്ത് വീടിനകത്തേക്കു പോയി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിനുള്ളിൽ ബബ്‌ലുവിന്റെ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ശങ്കർ. ഉടൻതന്നെ ശങ്കറിനെ അറസ്റ്റ് ചെയ്തു.
വീടിനുള്ളിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. ബബ്‌ലുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
















