ഇന്ന് ഓശാന ഞായർ. യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ രാവിലെ ഓശാനയുടെ പ്രത്യേക പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്‌വ്, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ നടന്നു.
യേശുക്രിസ്‌തുവിന്റെ ജറുസലേം പ്രവേശന സ്‌മരണയിലാണ് വിശ്വാസികള്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തുന്നത്. ഓശാന ആചരണത്തോടെ ക്രൈസ്‌തവര്‍ അമ്പത് നോമ്പിന്റെ അവസാന വാരത്തിലേക്ക് കടക്കും.
വിവിധ ദേവാലയങ്ങളിൽ കുരുത്തോല തിരുനാളിലെ പ്രത്യേക പരിപാടികൾക്ക് മത മേലധ്യക്ഷൻമാർ മുഖ്യകാർമികത്വം വഹിച്ചു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 6.30ന് ആരംഭിച്ച ചടങ്ങുകളിൽ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായി.
പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകൾക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാര്‍മികനായി.
















