മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ നടന്ന ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കവെയാണ് ഇടതുമുന്നണിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. സംസ്ഥാനത്ത് ശക്തമായ യു.ഡി.എഫ് തരംഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പലയിടങ്ങളിലും എസ്.ഡി.പി.ഐയുടെ സ്ഥാനാർത്ഥികളാണ് സി.പി.എമ്മിന്റെ മുഖമായി രംഗത്തുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു. പി.ഡി.പിയുമായുള്ള കൂട്ടുകെട്ട് അബ്ദുന്നാസിർ മഅ്ദനിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ ഫലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഗീയ ശക്തികളുമായി ചേർന്ന് അധികാരം നിലനിർത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും ഈ രഹസ്യധാരണ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പൂർണ്ണമായും പുനപരിശോധിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ എല്ലായിടത്തും യു.ഡി.എഫ് വിജയിച്ചത് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ്. കേവലം പി.ആർ ഏജൻസികളെ വെച്ച് മുഖം മിനുക്കാൻ നോക്കിയാൽ സർക്കാരിന്റെ അഴിമതിയും പരാജയവും മറച്ചുപിടിക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ദാരിദ്ര്യം മാറിയതല്ലാതെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അഞ്ച് തവണ ബസ് നിരക്കും നാല് തവണ വൈദ്യുതി നിരക്കും വർദ്ധിപ്പിച്ചു. വെള്ളക്കരവും കോടതി ഫീസും വരെ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. 300 കോടിയിലധികം രൂപ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതുമുന്നണി ഒഴുക്കുന്നുണ്ടെങ്കിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















