പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണവുമായി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ബിജെപി ബംഗാളിൽ അധികാരത്തിൽ വന്നാൽ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ പോലും അവർ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മമത ആരോപിച്ചു. പുരുലിയയിൽ സംഘടിപ്പിച്ച കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മമത പ്രസംഗിച്ചത്. “ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും. മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിൽ നിന്ന് ജനങ്ങളെ അവർ വിലക്കും. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇത്തരം നിയന്ത്രണങ്ങൾ നിലവിലുണ്ട്,” മമത പറഞ്ഞു. ജനങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ബിജെപി കടന്നുകയറുമെന്ന ഭീതിയാണ് മമത പങ്കുവെച്ചത്.
ബിജെപിയുടേത് ഏകപക്ഷീയമായ നിലപാടുകളാണെന്നും അവർ ഒരു മതത്തിലും യഥാർത്ഥത്തിൽ വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കലാപങ്ങൾ അഴിച്ചുവിട്ടും ജനങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി അധികാരം പിടിക്കുന്നത്. ചോരപ്പുഴ ഒഴുക്കിയാണ് അവർ സിംഹാസനത്തിൽ എത്തിയതെന്നും മമത ആഞ്ഞടിച്ചു. വിദ്വേഷം പടർത്തി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് മമത ആരോപിച്ചു. ഗോത്രവർഗ്ഗക്കാർക്കും സ്ത്രീകൾക്കും എതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ബിജെപി ഭരണത്തിന് കീഴിലാണ്. ഇതിനുപുറമെ, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളി സംസാരിക്കുന്ന ആളുകളെ ബിജെപി പ്രവർത്തകർ ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്നും എന്നാൽ ബംഗാളിൽ തങ്ങൾ ആരെയും അടിച്ചമർത്തുന്നില്ലെന്നും അവർ വ്യക്തമാക്കി.
















