നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കിനിൽക്കെ, മുന്നണികള്‍ പ്രചാരണം കടുക്കുപ്പിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. മുഖ്യമന്ത്രി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടും.
രാവിലെ പത്തിന് വാർത്താ സമ്മേളനത്തിന് ശേഷം ചവറ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് കൊല്ലം മണ്ഡലത്തിലും തുടർന്ന് കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും.
വികസന കാര്യത്തില്‍ സംവാദമാകാമെന്ന പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇന്നുണ്ടായേക്കും. വികസന സംവാദത്തിൽ വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി എന്തെന്നതിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
അതേസമയം മുന്നണികളുടെ പ്രചാരണം രണ്ടാം റൗണ്ടിലേക്ക് കടന്നു. അവസാന ലാപ്പിലും ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്.
യുഡിഎഫ് ക്യാംപിന് ആവേശമാകാൻ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചിരുന്നു.
















