കേരള രാഷ്ട്രീയത്തിൽ വികസന സംവാദം കൊഴുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ സംവാദ വെല്ലുവിളിക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയായിരുന്നു വി.ഡി. സതീശൻ്റെയും പ്രതികരണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. ഇതിന് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്തിയുടെ മറുപടി. ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പോസ്റ്റ് എന്നാൽ ഇനി ഒരു സംവാദം ആയാലോ എന്ന് തലക്കെട്ടോടെയാണ് പങ്കുവച്ചിരിക്കുന്നത്.
















