കൊല്ലത്തു വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയതെന്നും പിന്നെ എന്തിനാണ് മറ്റു ചാനലുകാരെ വിളിച്ചു കൂട്ടിയത് എന്ന് ചോദിച്ചായിരുന്നു വാക്കേറ്റം.
എന്നാൽ ചോദ്യം മനസ്സിലുണ്ടായാൽ പോരെന്നും ചോദ്യം ചോദിക്കണം എന്നും മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾപ്രകടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്താസമ്മേളനം അവസാനിപ്പിച്ച് പോയ മുഖ്യമന്ത്രിയോടായിരുന്നു മധ്യപ്രവർത്തകർ ഈക്കാര്യം ചോദിച്ചത്. ചിലർക്ക് മാത്രമാണ് ഉത്തരം നൽകിയതെന്നും ഇത് ഒരു സ്ഥിരം ശൈലിയാണെന്നും മധ്യപ്രവർത്തകർ ചോദിച്ചു. ഇതോടെ തിരികെ സീറ്റിൽ വന്നിരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തന്നെ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.
















