അടിസ്ഥാനരഹിതമായ പരാമർശം നടത്തി എന്ന് ആരോപിച്ചു റിപ്പോർട്ടർ ചാനലിനെതിരെ പരാതി നൽകി വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കുന്നു എന്ന തരത്തിൽ വാർത്ത നൽകിയതിനെത്തുടർന്നാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസിൽ പരാതി നൽകിയത്. പോലീസ് ചാനലിനെതിരെ കേസ് എടുത്തു.
തൊഴിലാളികളെ വിതരണം ചെയ്യുന്ന ഒരു മൊബൈൽ ആപ്പിൽ, മുരളീധരന്റെ റാലിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ 20 പേരെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയെന്നായിരുന്നു റിപ്പോർട്ടർ ചാനൽ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇത്തരമൊരു പരസ്യം താൻ നൽകിയിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം നടത്തിയ നീക്കമാണിതെന്നും മുരളീധരൻ ആരോപിച്ചു.
സംഭവത്തിൽ കലാപശ്രമത്തിന് ഭാരതീയ ന്യായ സംഹിത 192-ാം വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിജിപിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















