സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നേതൃത്വത്തിന് കനത്ത പ്രഹരമേൽപ്പിച്ച് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിൽ യാതൊരു വിധത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്ന നേതൃത്വത്തിന്റെ വാദങ്ങളെ പച്ചക്കള്ളമെന്ന് വിളിച്ചോതുന്ന തെളിവുകളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് പണം വകമാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അടക്കമാണ് കുഞ്ഞികൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ.
2018 ജൂലൈ 9-ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലെ രക്തസാക്ഷി ഫണ്ട് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. “സൂര്യനെപ്പോലെ തിളങ്ങുന്ന സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കാൻ നോക്കേണ്ടതില്ല” എന്ന് പാർട്ടി നേതൃത്വത്തിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ വ്യക്തി എന്ന നിലയിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ പാവപ്പെട്ട പാർട്ടി കുടുംബങ്ങളും അനുഭാവികളും നൽകിയ പണത്തിൽ നിന്നുപോലും നേതാക്കൾ വിഹിതം തട്ടിയെടുത്തു എന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് സ്റ്റേറ്റ്‌മെന്റും കമ്മിറ്റിയിൽ അവതരിപ്പിച്ച കണക്കുകളുടെ പകർപ്പും പുറത്തുവിട്ടുകൊണ്ട്, ഇത് പാർട്ടിയേയും അണികളെയും വഞ്ചിക്കുന്ന നടപടിയല്ലേ എന്ന് കുഞ്ഞികൃഷ്ണൻ ചോദിക്കുന്നു. അഴിമതിക്കാരെ ജനങ്ങൾ തിരിച്ചറിയുമെന്നും താൻ തുടങ്ങിയ പോരാട്ടം തുടരുമെന്നും അദ്ദേഹം കുറിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി കേന്ദ്രങ്ങൾ ഉയർത്തിയ എല്ലാ പ്രതിരോധങ്ങളെയും തകർക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ. നേരത്തെ ഈ വിഷയം പാർട്ടിയിൽ ഉന്നയിച്ചതിനെത്തുടർന്ന് കുഞ്ഞികൃഷ്ണനെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ വസ്തുതകൾ നിരത്തി അദ്ദേഹം വീണ്ടും രംഗത്തെത്തിയത് വരും ദിവസങ്ങളിൽ പയ്യന്നൂരിലെ സി.പി.എമ്മിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കാം.
കുഞ്ഞികൃഷ്‌ണന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.
നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ “ധൈര്യപ്പെടേണ്ട”.
2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്.
ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്?
നിങ്ങൾ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങൾക്ക്?
ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും.
പോരാട്ടം തുടരുകയാണ്…
വി കുഞ്ഞികൃഷ്ണൻ
















