തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ?’ എന്ന പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ അതിനുള്ള ഉത്തരം കിട്ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്ന് തിരുവനന്തപുരത്തു നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ പത്തനംതിട്ടയിൽ നടന്ന പ്രചാരണത്തിനിടയിൽ ആയിരുന്നു ‘സ്വർണം കട്ടത് ആരപ്പാ?’ എന്ന പാരഡി ഗാനം രാഹുൽ ഗാന്ധി പാടിയത്. ഇതിനെ പറ്റി മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിച്ചതിന് മറുപടിയാണ് വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് അദ്ദേഹം പറഞ്ഞത്.
രാഹുൽഗാന്ധിയുടെ അമ്മകൂടിയായ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ മറുപടി.
















