കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിൽ കോളേജ് അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥി. ട്രെയിന്‍ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്.
വിദ്യാർത്ഥി ജനാലക്കരികിൽ ആയിരുന്നു ഇരുന്നത്. കല്ലേറിൽ താടിയെല്ലിനും പല്ലിനും പരുക്കേറ്റു. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ കുട്ടിയെ റെയിൽവേ പോലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുന്‍പ് ഇതേ സ്ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നെരെയും കല്ലേറ് ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
















