ഏറ്റുമാനൂർ പേരൂർക്കവലയിൽ നാല് കടകളിൽ തീപിടുത്തം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു സംഭവം.
കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സ് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയത്ത് നിന്നും അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തി. സൽക്കാര ഹോട്ടലിലെയും പുകയില വ്യാപാര കേന്ദ്രത്തിലെയും തീ അണക്കാൻ കഴിഞ്ഞെങ്കിലും മറ്റു രണ്ട് കടകളിലും അഗ്നിബാധ തുടരുകയാണ്.
തീ പിടിക്കുന്നത് കണ്ട മത്സ്യമാർക്കറ്റിലെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് രാത്രി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ ബിജെപി, കോൺഗ്രസ്, സിപിഎം പ്രവർത്തകരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വിവരം അഗ്നി രക്ഷാസേനെ അറിയിച്ചത്. ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
















