യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ വ്യതിയാനം ഉള്ളതിനെ തുടർന്ന് നിരീക്ഷണത്തിലാണ്. തലച്ചോറിൻ്റെ സി.ടി സ്കാൻ എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് ഇന്നലെ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയിൽവച്ച് കസ്റ്റഡിയിലെടുത്ത ശേഷം കൊച്ചിയിലെത്തിക്കുകയായിരുന്നു.
രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. സിനിമാ ചിത്രീകരണത്തിനിടെ രഞ്ജിത്ത് കയറിപ്പിടിച്ചു എന്നാണു പരാതി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമായിരുന്നു കസ്റ്റഡി.
രണ്ട് ദിവസം മുമ്പാണ് യുവതിയുടെ പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്.
















