അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 195 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യൻ യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
നേരത്തെ 1890 രൂപയായിരുന്ന സിലിണ്ടറിന് ഇനി 2092 രൂപ നൽകണം. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർദ്ധിച്ചിട്ടുണ്ട്.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് 7 ന് 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവിലയിൽ 50% വർദ്ധനവുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിലക്കയറ്റം.
ഇത് കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണ്.
















