സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പരാജയഭീതി പൂണ്ട സിപിഐഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പഴയ തന്ത്രങ്ങൾ പൊടിതട്ടിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് വ്യാജ രേഖകളുടെ നിർമ്മാണം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടി.പി. ചന്ദ്രശേഖരന്റെ അനുഭവം ഓർമ്മിപ്പിച്ച് വോട്ടർമാരെ ഭയപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്നും, കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുന്നതിനെ പോലും സിപിഐഎം ഭയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. മുൻ മന്ത്രി ജി. സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം രാഷ്ട്രീയത്തിലെ മാലിന്യക്കൊട്ടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















