മലപ്പുറം പയ്യനാട് കുട്ടിപ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളികളായ വിക്കി (20), ശശിപാല്‍ (26), പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്‍, ചന്ദ്രന്‍, വിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവർ ആയ തമിഴ്നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) അപകടത്തിന് ശേഷം കാണാതായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ ഒൻപതുമണിയോടെ കുട്ടിപ്പാറയിലാണ് സംഭവം നടക്കുന്നത്. വണ്ടൂരിലേക്ക് കുഴല്‍ കിണര്‍ കുഴിക്കാന്‍ പോകുമ്പോള്‍ കുട്ടിപ്പാറ കാരേപറമ്പ് വളവില്‍ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു. ലോറി മറിഞ്ഞതോടെയാണ് ഡ്രൈവറെ കാണാതാകുന്നത്. ആദ്യം ലോറിയുടെ അടിയിൽ പെട്ട് പോയതാണെന്ന് കരുതി ഉടന്‍ മഞ്ചേരി അഗ്‌നിശമന സേനയെത്തി ക്രെയിന്‍ ഉപയോഗിച്ച് പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ ലോറി ഉയര്‍ത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല.
അപകടം നടന്ന ഉടനെ പേടിച്ചു ഓടി രക്ഷപെട്ടതാകാമെന്നാണ് നിഗമനം. സംഭവത്തിൽ പരിക്കേറ്റ എല്ലാവരെയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആർക്കും വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
















