രോഗിയായ യാത്രക്കാരന് സീറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുകയും നിശ്ചിത സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി. മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് 30,000 രൂപ പിഴ വിധിച്ചത്. തൊട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. കെഎസ്ആർടിസി എംഡി പരാതിക്കാരന് തുക കൈമാറണം.
തൃശ്ശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് യാത്ര ചെയ്യാനാണ് സൈനുദ്ദീൻ ബസ്സിൽ കയറിയത്. ശാരീരിക അസ്വസ്ഥതകളുള്ള തനിക്ക് ഇരിക്കാൻ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൃശ്ശൂരിൽ എത്തുമ്പോൾ ശരിയാക്കാമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റിലിരുന്ന സൈനുദ്ദീനെ, റിസർവേഷൻ ഉണ്ടെന്ന് പറഞ്ഞ് കണ്ടക്ടർ എഴുന്നേൽപ്പിക്കുകയായിരുന്നു. ഈ സമയമത്രയും മറ്റ് സീറ്റുകളിൽ പുതിയ യാത്രക്കാർ ഇരിക്കുകയും ചെയ്തു. ഇതോടെ മൂന്ന് മണിക്കൂറോളം രോഗിയായ പരാതിക്കാരന് നിന്നുകൊണ്ട് യാത്ര ചെയ്യേണ്ടി വന്നു.
സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഇറങ്ങേണ്ട സ്റ്റോപ്പിലും കെഎസ്ആർടിസി വീഴ്ച വരുത്തി. സർവീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ ബസ് ഓടിച്ചതിനാൽ സൈനുദ്ദീന് ഇറങ്ങേണ്ടിയിരുന്ന കാക്കാട് സ്റ്റോപ്പിൽ നിർത്താൻ ജീവനക്കാർ തയ്യാറായില്ല. തുടർന്ന് കൂരിയാട് എന്ന സ്ഥലത്താണ് ഇദ്ദേഹത്തെ ഇറക്കിയത്.
25,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകാനാണ് വിധി. 45 ദിവസത്തിനകം ഈ തുക കൈമാറണം. വീഴ്ച വരുത്തിയാൽ 9 ശതമാനം പലിശ സഹിതം നൽകേണ്ടി വരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
















