മുക്കത്ത് നിന്ന് വൻതോതിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. രണ്ടേമുക്കാൽ കിലോയോളം വരുന്ന മാരക ലഹരിമരുന്നുമായി മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത്(45) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.
മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് 517 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ടി.ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു.
ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പൊലീസ് വലവിരിച്ചത്. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽനിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.
















