പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയിൽ വെച്ച് നടനും യുഡിഎഫ് പ്രചാരകനുമായ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്നും നിയമാനുസൃത പ്രചരണ അവകാശം നിഷേധിച്ചുവെന്നും പരാതിയിൽ പറയുന്നു. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി വടക്കന്തറ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് വോട്ട് ചോദിക്കാൻ പോകുമ്പോഴായിരുന്നു പിഷാരടിക്ക് നേരെ പ്രതിഷേധമുണ്ടായത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് പിഷാരടി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നും സ്ത്രീയായതിനാലാണ് താൻ സംയമനം പാലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















