കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പും ചൂടേറിയ മത്സരങ്ങളും നടക്കുന്നുണ്ടെങ്കിലും ചില മണ്ഡലങ്ങളിലെ മത്സരങ്ങള്‍ രാഷ്ട്രീയമായ നിലപാടുകളുടെ പ്രഖ്യാപനമായി മാറുന്നുണ്ട്. അത്തരമൊരു മണ്ഡലമാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം. ഈ മണ്ഡലത്തിന്റെ പ്രത്യേകത സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ പോരാട്ടത്തിന്റെ കഥയാണ്. തിരുവനന്തപുരം ജില്ലയിലെ നേമം നിയോജക മണ്ഡലത്തിലാണ് ബി.ജെ.പി ആദ്യ നിയമസഭാ അക്കൗണ്ട് തുറന്നത്. ഇത് കേരള ചിരിത്രത്തിലെ ആദ്യത്തെ സംഭവവുമായി. ഒ. രാജഗോപാലാണ് ബി.ജെ.പിയുടെ ആദ്യ എം.എല്‍.എ. കേരളം ബി.ജെ.പി ഭരിക്കുന്ന കാലത്തെ കുറിച്ച് ജനങ്ങളും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാി ഇത് മാറി.
എന്നെങ്കിലും കേരളം ബി.ജെ.പി ഭരിക്കുകയാണെങ്കില്‍ അന്ന്, പി.എസ്.സിയിലും, സ്‌കൂളുകളിലും ‘ കേരളത്തിലെ ആദ്യ ബി.ജെ.പി എം.എല്‍. ആരായിരുന്നു’ എന്ന ചോദ്യം ഉറപ്പാണ്. ഇത് കാലങ്ങളുടെ കാത്തിരിപ്പിനു ശേഷം ഉണ്ടായതാണ്. എന്നാല്‍, പിന്നീടുവന്ന തെരഞ്ഞെടുപ്പില്‍ ആ സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പിക്കായില്ല. അക്കൗണ്ട് പൂട്ടിച്ചെന്ന് ഇടതുപക്ഷം പറയുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ബി.ജെ.പിയുടെ ശക്തി നേമത്തല്ല, മറിച്ച് കേരളത്തിലാകെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം ഉര്‍ത്തിക്കൊണ്ട് തെളിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുകയും ചെയ്തു. കാലങ്ങളായി ഇടതു കുത്തകയായി വെച്ചിരുന്ന കോര്‍പ്പറേഷനാണ് ഇന്ന് ബി.ജെ.പി ഭരിക്കുന്നത്.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ബി.ഡെ.പി ഭരിക്കുന്ന നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമുണ്ടെന്നത് സത്യവുമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കണക്കു കൂട്ടലുകള്‍ വലുതാണെങ്കിലും ചെറിയ തോതിലെങ്കിലും സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു തന്നെയാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം, മാറിയ ദേശീയ രാഷ്ട്രീയവും, കേരള രാഷ്ട്രീയവും ബി.ജെ.പിക്ക് അനുകൂലമായിട്ടുണ്ട്. ഭരിക്കുന്നവര്‍ വരുത്തുന്ന വീഴ്ചകളും, ശക്തമായ പ്രതിപക്ഷത്തിന്റെ അസാന്നിധ്യവുമാണ് ബി.ജെ.പിയെ മുന്നോട്ടു കൊണ്ടു വരുന്നത്. അന്ന് നേമത്ത് വിരയുകയും പിന്നീട് വാടുകയും ചെയ്ത താമര ഇനി വിരിയുന്നത് മഞ്ചേശ്വരത്തായിരിക്കുമെന്നതാണ് വിശ്വാസം. അതുകൊണ്ടു തന്നെ കാസഗോട്ടെ മഞ്ചേശ്വരം മണ്ഡലം ഒരു ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
ഇതോടൊപ്പം കാസര്‍ഗോഡ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ജില്ലയിലെ മണ്ഡലങ്ങളിലെ മത്സരം പ്രവചനാതീതമായി മാറുകയാണ്. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും സുരക്ഷിതമെന്ന് തോന്നിച്ച മണ്ഡലങ്ങളില്‍ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ എല്ലാം മാറിമറിഞ്ഞ സ്ഥിതിയാണ്. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും പിന്നീട് പിന്‍വലിച്ചതുമായ സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ വരവും ജില്ലയുടെ തിരഞ്ഞെടുപ്പ് രംഗം ആവേശത്തിലാക്കിയിട്ടുണ്ട്.
കാലങ്ങളായി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ ശക്തമായ ത്രികോണ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളുമുണ്ട്. ഇതാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കാസര്‍കോട്ടെ തിരഞ്ഞെടുപ്പിന് പ്രസക്തിയേറ്റുന്നത്. സിപിഎമ്മിനും ബിജെപിക്കും പുറമെ മുസ്ലിം ലീഗിനും വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജില്ലയാണ് കാസര്‍കോട്. 35 വര്‍ഷമായി ജില്ലയില്‍ നിന്ന് ഒരാള്‍ പോലും കോണ്‍ഗ്രസ് പ്രതിനിധിയായി നിയമസഭയില്‍ എത്തിയിട്ടില്ലെന്നതാണ് ജില്ലയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും കൗതുകകരമായ കാര്യം. 1987ല്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ അവസാന ജയം. എന്നാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തി.
എന്നാല്‍, ആ മുന്നേറ്റം നിയമസഭയില്‍ തുടരാനായില്ല. 2016-ലെയും 2021-ലെയും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് രണ്ടു സീറ്റുകളിലും എല്‍.ഡി.എഫ് മൂന്നു സീറ്റുകളിലുമാണ് വിജയിച്ചത്. ഇടത് കോട്ട ആയാണ് ജില്ല അറിയിപ്പെടുന്നതെങ്കിലും രണ്ടു മണ്ഡലങ്ങളില്‍ കാലങ്ങളായി എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്താണ്. കാസര്‍കോടും മഞ്ചേശ്വരത്തും. ഈ മഞ്ചേശ്വരമാണ് വീണ്ടും ശ്രദ്ധാകേന്ദമാകുന്നത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളാണ് എല്‍.ഡി.എഫ് നിലനിര്‍ത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം തവണയും മഞ്ചേശ്വരത്ത് പരാജയപ്പെട്ടു.
ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖര്‍ തുടര്‍ച്ചായി മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 2024ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിത്രം മുഴുവന്‍ മാറിമറിഞ്ഞു. ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ റെക്കോര്‍ഡ് വിജയമാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ലീഡ്. ഇതില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലൊഴികെ മുഴുവന്‍ മണ്ഡലങ്ങളിലും പതിനായിരത്തിന് മുകളിലായിരുന്നു ലീഡ്. കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ അത് 20000 കടന്നു. അടുത്ത കാലത്തൊന്നുമില്ലാത്ത മികച്ച കുതിപ്പാണ് 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നടത്തിയത്.
കഴിഞ്ഞ തവണ ലഭിച്ചതിന്റെ 50 ശതമാനം സീറ്റുകള്‍ അധികം നേടിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജില്ലാ പഞ്ചായത്ത് ഭരണം ഒരു സീറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് എല്‍.ഡി.എഫ് നിലനിര്‍ത്തിയത്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ കാസര്‍കോട് നഗരസഭ ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 17 ഗ്രാമ പഞ്ചായത്തുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 13 പഞ്ചായത്തുകളാണ് എല്‍.ഡി.എഫിന് നേടാനായത്. ഇടത് കോട്ടകളായ പല പഞ്ചായത്തുകളും പിടിക്കാന്‍ യു.ഡി.എഫിന് സാധിച്ചു. മൂന്നു പഞ്ചായത്തുകള്‍ എന്‍.ഡി.എയും നേടിയപ്പോള്‍ അഞ്ചു പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറില്‍ നാലും നേടി എല്‍.ഡി.എഫ് ആധിപത്യം തുടര്‍ന്നു.
മണ്ഡലങ്ങളിലൂടെ
മഞ്ചേശ്വരം: ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കെ. സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ നാലാം തവണയാണ് മത്സരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട മണ്ഡലം. ഇവിടെ മുസ്ലിം ലീഗും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലം. ഇത്തവണ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. സിറ്റിങ് എം.എല്‍.എ എ.കെ.എം അഷ്‌റഫാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 745 വോട്ടുകളുടെ വ്യത്യാസത്തിലാണ് എ.കെ.എം അഷ്‌റഫ് വിജയിച്ചത്. 2016-ലായിരുന്നു കേരളം മുഴുവന്‍ ഉറ്റുനോക്കിയ മത്സരം നടന്നത്. വെറും 89 വോട്ടുകള്‍ക്കായിരുന്നു കെ. സുരേന്ദ്രനെ പി.ബി അബ്ദുല്‍ റസാഖ് പരാജയപ്പെടുത്തിയത്. കെ. ജയാനന്ദയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
തൃക്കരിപ്പൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യരുടെ വരവോടെ ശ്രദ്ധേയമായ മണ്ഡലമാണ് തൃക്കരിപ്പൂര്‍. ഇ.എം.എസിനെയും ഇ.കെ നായനാരെയും നിയമസഭയിലെത്തിച്ച, നാളിതുവരെ ഇടതുപക്ഷ പാര്‍ട്ടികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. നാട്ടുകാരനായ വി.പി.പി മുസ്തഫയെയാണ് എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്താനായി കളത്തിലിറക്കിയത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലത്തില്‍ നിന്ന് നേടിയ 10,448 വോട്ടിന്റെ ലീഡിലാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 6000 വോട്ടുകളുടെ ലീഡ് നേടിയ എല്‍.ഡി.എഫ് തങ്ങളുടെ ഉരുക്ക് കോട്ട നിലനിര്‍ത്തുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്.
കാസര്‍ഗോഡ്: യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ കാസര്‍ഗോഡ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട മാഹിന്‍ ഹാജിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനിയെയാണ് മണ്ഡലം പിടിച്ചെടുക്കാനായി നിയോഗിച്ചിരിക്കുന്നത്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ സ്വതന്ത്രനെ ഇറക്കിയുള്ള പരീക്ഷണമാണ് എല്‍.ഡി.എഫ് നടത്തുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനാവാസ് പാദൂരാണ് സ്ഥാനാര്‍ത്ഥി. നിയമസഭ തിരഞ്ഞെടുപ്പിലെ കന്നിയങ്കക്കാരുടെ പോരാട്ടം കൂടിയാണ് മണ്ഡലത്തില്‍ നടക്കുന്നത്.
കാഞ്ഞങ്ങാട്: എല്‍.ഡി.എഫിനെ സംബന്ധിച്ച് ശക്തമായ ഇടത് കോട്ടയാണ് കാഞ്ഞങ്ങാട്. പതിവായി സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രതിനിധി ഷൈജി ഓട്ടപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖര്‍ മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞതോടെ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയാണ് മണ്ഡലം നിലനിര്‍ത്താനായി എല്‍ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ ലീഡ് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനെങ്കില്‍, ഒരു കാറ്റിലും ഈ ഇടത് കോട്ട ഉലയില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്.
ഉദുമ: ജില്ലയിലെ ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടയായ ഉദമ പിടിച്ചെടുക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠനെയാണ് യു.ഡി.എഫ് മത്സരത്തിനിറക്കുന്നത്. സിറ്റിങ് എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇരു മുന്നണികള്‍ക്കും പുറെ ബിജെപിക്കും സ്വാധീനമുള്ള മണ്ഡലത്തില്‍ എന്‍.ഡി.എ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. 1991 മുതല്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ മാത്രമാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മഞ്ചേശ്വരം ഇക്കുറി പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയെങ്കില്‍, ഇടത് കോട്ടകളില്‍ ഒരു വിള്ളലും വീഴില്ലെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്.
















