കാസര്‍കോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. 5 വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളെ ചവിട്ടുകയും മുടിയിൽ പിടിച്ചു വലിക്കുകയും ഐസ് കട്ട കൊണ്ട് മുഖത്തിടിക്കുകയും ചെയ്തതായാണ് പരാതി. അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.
കഴിഞ്ഞ മൂന്ന് മാസമായി കുട്ടികൾ നിരന്തരം മർദ്ദനത്തിന് ഇരയാകാറുണ്ടെന്ന് കുട്ടികളുടെ പിതാവ് പോലീസിന് മൊഴി നൽകി. മാതാവും പിതാവും വിവാഹമോചിതരായതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുട്ടികളെ അമ്മയുടെ ഒപ്പം വിടുന്നത്.
രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് അമ്മ കൂട്ടുനിൽക്കുകയാണെന്നും കുട്ടികളുടെ പിതാവ് ആരോപിച്ചു. പരിക്കേറ്റ കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം.
















